ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണ്ണമാണ്.
ദേശചരിത്രം

ആനക്കൂട്ടങ്ങളുടെ കേന്ദ്രീകരണത്താല്‍ ആനാട് (ആനകളുടെ നാട്) എന്ന പേര്‍ ലഭിച്ച ഈ ഗ്രാമത്തില്‍ കടുവ, പുലി തുടങ്ങിയ ഹിംസ്രജന്തുക്കളും, പുള്ളിമാന്‍കൂട്ടങ്ങളും സ്വൈരവിഹാരം നടത്തിയിരുന്നതിന് തെളിവേകുന്ന സ്ഥലനാമങ്ങളും വ്യക്തിനാമങ്ങളും വേണ്ടുവോളമുണ്ട്. അംഗീകൃത വേട്ടക്കാരനും, നൂറ്റിയൊന്ന് പുലികളെ കെണിയില്‍പ്പെടുത്തി രാജാവിന്റെ പട്ടും വളയും, സ്ഥാനപേരും കരസ്ഥരമാക്കിയ കടുവാക്കുറുപ്പ്, പുലി ആക്രമിച്ചു കൊന്ന വേടര്‍ സ്ത്രീയെ കണ്ടെത്തിയ വേടത്തി പാറ, ചുള്ളിമാനൂര്‍, പുലിക്കോട്ടുകോണം, പുലിപ്പാറ, കടുവാച്ചിറ, ആനെയ്ക്കോണം തുടങ്ങിയ സ്ഥലനാമങ്ങള്‍ ഇതിനുദാഹരണങ്ങളാണ്. മുന്‍കാലത്ത് നാട്ടുവൈദ്യന്‍മാരാണ് ആരോഗ്യരംഗം കൈകാര്യം ചെയ്തിരുന്നത്. അക്കൂട്ടത്തില്‍ കിഴക്കേല കുന്നുംപുറത്തുവീട്ടില്‍ ശങ്കരന്‍ വൈദ്യര്‍, പാലോട്ടുകോണം രാമന്‍പിള്ള വൈദ്യര്‍, പുലിക്കുഴി മനുവേല്‍ വൈദ്യര്‍ എന്നിവര്‍ ഏറെ വൈദഗ്ദ്ധ്യമുള്ളവരായിരുന്നു. ചുള്ളിമാനൂര്‍ കേന്ദ്രമാക്കി ദേവദാസ് ആരംഭിച്ചതാണ് പഞ്ചായത്തിലെ ആദ്യത്തെ അലോപ്പതി ഡിസ്പെന്‍സറി. ഇന്നത്തെ ആനാട്, പനവൂര്‍ എന്നീ പഞ്ചായത്തുകള്‍ ഒന്നായിരുന്ന കാലത്ത് ആനാട് വില്ലേജില്‍ കരിക്കുഴി എന്ന സ്ഥലത്ത് കൊല്ലവര്‍ഷം 1100-ാമാണ്ടില്‍ (1925) രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനമാരംഭിച്ച സഹകരണസ്ഥാപനമാണ് ഇന്നത്തെ ഫാര്‍മേഴ്സ് ബാങ്കായി ഉയര്‍ത്തപ്പെട്ടത്. ആനാട് പ്രദേശത്ത് ആദ്യത്തെ പോസ്റ്റോഫീസ് ചുള്ളിമാനൂരില്‍ ഡി.ചെല്ലരാജാണ് ആരംഭിച്ചത്. 1940-കളോടെ പ്രൈവറ്റ് ബസ് സര്‍വ്വീസ് ആരംഭിച്ചു. 1953-ഓടു കൂടി പഞ്ചായത്തിലേക്ക് വൈദ്യുതി കടന്നുവന്നു. 1950 കളോടടുപ്പിച്ചാണ് ഡോ.വേലുപ്പിള്ളയുടെ നേതൃത്വത്തില്‍ അക്കാലത്ത് വിജ്ഞാനപ്രദായിനി എന്ന പേരില്‍ ഒരു വായനശാല ആനാട് പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഈ രംഗത്ത് ഒരു സംഘടിത പ്രവര്‍ത്തനം സാദ്ധ്യമായതോടുകൂടി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗ്രന്ഥശാലകളുടെ ഒരു നിരതന്നെ സൃഷ്ടിക്കപ്പെട്ടു. മന്നൂര്‍ക്കോണം പീപ്പിള്‍സ് ലൈബ്രറി, ആനാട് യുവജനസമാജം വായനശാല, ഇരിഞ്ചയം യുണെറ്റഡ് ലൈബ്രറി, ആട്ടുകാല്‍ കര്‍ഷകമിത്രം വായനശാല, പനയമുട്ടം കെ.എസ്സ്.എം മെമ്മോറിയല്‍ ഗ്രന്ഥശാല തുടങ്ങിയവ ഇക്കൂട്ടത്തില്‍ എടുത്തുപറയത്തക്കതാണ്. ഇവയുടെ പ്രവര്‍ത്തനം ഈ പ്രദേശത്തിന്റെ സാംസ്കാരികോല്‍കര്‍ഷത്തിന് വഹിച്ച പങ്ക് നിസ്തുലമാണ്. 1952-ലാണ് ആനാട് പഞ്ചായത്ത് രൂപീകൃതമായത്. 1953-ല്‍ നിലവില്‍ വന്ന ആനാട് പഞ്ചായത്തിന്റെ ആദ്യഭരണസമിതി പ്രസിഡണ്ടായി എന്‍.കുഞ്ഞുകൃഷ്ണന്‍നായരെ തെരഞ്ഞെടുത്തു. ജീവനക്കാരായി കെ.ഭാസ്ക്കരപിള്ള (ക്ളാര്‍ക്ക്), ചെല്ലപ്പന്‍ (പ്യൂണ്‍) എന്നിവരാണുണ്ടായിരുന്നത്. പ്യൂണ്‍ ആയിരുന്ന ചെല്ലപ്പന്‍ പഞ്ചായത്തുചെല്ലപ്പനെന്ന വിളിപ്പേരിനര്‍ഹമാക്കുംവിധം പഞ്ചായത്തില്‍ സേവനമനുഷ്ഠിച്ചിരുന്നുവെന്നത് സ്മരണീയമാണ്. അക്കാലത്ത് തനതുപ്രവര്‍ത്തനമെന്ന നിലയില്‍ നടപ്പാലങ്ങള്‍, കുളങ്ങള്‍, മണ്ണുറോഡുകള്‍, ചെറുകലങ്ങുകള്‍ എന്നിവ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ചെയ്തിരുന്നു. ചുള്ളിമാനൂര്‍ അന്തിചന്ത എസ്.എച്ച്.യു.പി.എസിനു സമീപം എം.ചെല്ലപ്പന്‍ നാടാരുടെ പുരയിടത്തില്‍ ആരംഭിച്ചു. നാണന്‍ മുതലാളി സംഭാവന ചെയ്ത സ്ഥലത്ത് ഇര്യനാട്ടും ഒരു ചന്ത നടത്തിയിരുന്നു. 1964-ല്‍ കെ.പരമേശ്വരന്‍ നായര്‍ പ്രസിഡന്റും ജി.മനോഹരന്‍ വൈസ് പ്രസിഡന്റുമായിരുന്ന കാലത്ത് സംസ്ഥാനവ്യാപകമായുയര്‍ന്നുവന്ന ലക്ഷംവീട് പദ്ധതി പഞ്ചായത്തിലും നടപ്പിലാക്കി. മണിയംകോട്ടു, ചന്ദ്രമംഗലം, വേട്ടമ്പള്ളി, കരിക്കുഴി എന്നീ സ്ഥലങ്ങളില്‍ ലക്ഷം വീടുകള്‍ നിര്‍മ്മിച്ചു കുടുംബങ്ങളെ പുനരധിവസിപ്പിച്ചു. ചുള്ളിമാനുര്‍ മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന് പഞ്ചായത്ത് സ്ഥലം വാങ്ങിക്കൊടുത്തു. ആര്‍.ഡി.ബി വായ്പകൊണ്ട് ചുള്ളിമാനൂര്‍ മാര്‍ക്കറ്റും ഷോപ്പിംഗ് സെന്ററും പനവൂര്‍ പബ്ളിക് മാര്‍ക്കറ്റും സ്ഥാപിക്കാന്‍ കഴിഞ്ഞു. ആര്‍.ഡി.ബി വായ്പ പഞ്ചായത്ത് തിരിച്ചടച്ചു. ചുള്ളിമാനൂര്‍ അന്തിചന്ത ചുള്ളിമാനൂര്‍ പബ്ളിക് മാര്‍ക്കറ്റായി ഉയര്‍ത്തി. എന്‍.ഇ.എസ് ബ്ളോക്ക് മുഖേന നടത്തിയ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തില്‍ കാര്യക്ഷമമായി നടന്നതിനാല്‍ ‘ജയന്തി പഞ്ചായത്തായി‘ ആനാട് പഞ്ചായത്തിനെ ഉയര്‍ത്തി. ഗ്രാമസേവകനായിരുന്ന കരുണാകരന്‍നായരും ഗ്രാമസേവികയായിരുന്ന കൃഷ്ണമ്മയ്ക്കും അവാര്‍ഡ് ലഭിക്കുകയും ചെയ്തു. മഹിളാരംഗത്തെ സാമൂഹിക പ്രവര്‍ത്തകരായിരുന്ന കുമാരി വിജയമ്മയെ ഗ്രാമലക്ഷ്മിയായി അംഗീകരിക്കുകയുണ്ടായി. കാലാന്തരത്തില്‍ പഞ്ചായത്തിലെ തദ്ദേശീയരായ വിവിധ ജനങ്ങളുടെ സഹായസഹകരണത്തോടെ പുതിയ റോഡുകള്‍ വെട്ടി. ഗതാഗതസൌകര്യം വര്‍ദ്ധിച്ചു. തന്നിമിത്തം സന്നദ്ധപ്രവര്‍ത്തകരില്‍ പലരുടെ പേരിലും ക്രിമിനല്‍കേസ് വരെയുണ്ടായി. ആയൂര്‍വേദ ആശുപത്രികള്‍ക്കുവേണ്ടി നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി സി.അച്ചുതമേനോന്‍ നിര്‍വഹിച്ചു. ആശുപത്രി പുതിയ കെട്ടിടത്തിലേക്ക് മാറ്റി. ഇപ്പോള്‍ പനവുര്‍ പഞ്ചായത്തിലെ പ്രദേശം കൂടി ഉള്‍പ്പെട്ടിരുന്ന ആനാട് പഞ്ചായത്ത് 1976-ല്‍ വിഭജനവിധേയമാകുകയും പനവൂര്‍ പഞ്ചായത്ത് നിലവില്‍ വരികയും ചെയ്തു.