സാംസ്കാരികചരിത്രം
ഫ്യൂഡല്‍ വ്യവസ്ഥയില്‍ അധിഷ്ഠിതമായ സാമൂഹ്യസ്ഥിതിയും ജാതിസമ്പ്രദായങ്ങളും അതിന്റെ അടിസ്ഥാനത്തിലുള്ള തൊഴില്‍വിഭജനങ്ങളും സ്വാതന്ത്ര്യനിഷേധങ്ങളും അടിച്ചമര്‍ത്തലുകളും അതിന്റെ എല്ലാ സവിശേഷതയോടും കൂടി മുന്‍കാലത്ത് ഇവിടെയും നിലനിന്നിരുന്നുവെന്ന് അനുമാനിക്കാന്‍ കഴിയും. ഭൂമിയുടെ ഉടമസ്ഥത കല്‍പ്പിച്ചുകിട്ടിയിരുന്നത് ബ്രാഹ്മണര്‍ക്കും ദേവസ്വങ്ങള്‍ക്കുമായിരുന്നു. അവരും, അവരുടെ ആജ്ഞാനുവര്‍ത്തികളായി നായന്മാര്‍, വെള്ളാളര്‍ മുതലായ കാണക്കുടിയാന്മാര്‍ എന്നറിയപ്പെട്ട സവര്‍ണ്ണരും, മണ്ണില്‍ പണിയെടുക്കുന്ന ഈഴവര്‍, നാടാര്‍, മുസ്ലീം തുടങ്ങിയ പിന്നോക്കജാതിക്കാരും ഉള്‍പ്പെട്ടതായിരുന്നു അന്നത്തെ ജനപ്രകൃതി. അവര്‍ണ്ണവിഭാഗങ്ങള്‍ക്കിടയില്‍ ഈഴവര്‍ അല്പം മെച്ചപ്പെട്ട നില കൈവരിച്ചതൊഴിച്ചാല്‍ ബാക്കി അധഃസ്ഥിതരുടെ നില വളരെ പരിതാപകരമായിരുന്നു. പക്ഷെ ഇവയൊക്കെ സാമൂഹ്യാചാരങ്ങളുടെ ഭാഗമെന്ന നിലയില്‍ പരിഭവങ്ങളോ പരാതികളോ ചോദ്യം ചെയ്യലുകളോ ഇല്ലാതെ, മനുഷ്യര്‍ പുലര്‍ത്തിവരുന്ന ആചാരാനുഷ്ഠാനങ്ങള്‍ പോലെ ഏറ്റുവാങ്ങേണ്ടി വന്നവരേപ്പോലെയായിരുന്നു അവര്‍. പ്രബലരായ ഏതാനും നായര്‍, വെള്ളാള കുടുംബങ്ങള്‍, നാമമാത്രമെങ്കിലും ഭൂമിയില്‍ ഉടമസ്ഥത ഉണ്ടായിരുന്ന കുറെ ഈഴവ, മുസ്ലീം, ക്രിസ്ത്യന്‍, നാടാര്‍ കുടുംബങ്ങള്‍ എന്നിവരാണ് അക്കാലത്ത് ഗണനീയമായുണ്ടായിരുന്നത്. കീഴാളര്‍, കാണിക്കാര്‍ ഇവര്‍ക്കൊക്കെ സ്വന്തമായി ഭൂമിയുണ്ടായിരുന്നെങ്കിലും എല്ലാവരാലും അവഗണിക്കപ്പെട്ടവരായിരുന്നു. ഗ്രാമത്തിലെ ചില പ്രത്യേകകേന്ദ്രങ്ങളില്‍ ചേരികളായി കഴിഞ്ഞുകൂടുകയായിരുന്നു അവര്‍. ജന്മിക്കരം, പാതിവാരം, തിരിപ്പുവാരം, രാജഭോഗം തുടങ്ങിയ നികുതിസമ്പ്രദായങ്ങളാണ് അന്ന് ഭൂമിയുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിരുന്നത്. മണ്ഡപപിള്ള, അധികാരി തുടങ്ങിയവരാണ് രാജാവിനുവേണ്ടി പ്രാദേശികഭരണം നിര്‍വഹിച്ചിരുന്ന ഉദ്യോഗസ്ഥര്‍. ഈ കാലയളവില്‍ പട്ടത്തുനിന്നും ഒരു പുലയനെ വിലയ്ക്കുവാങ്ങി (ചാത്തന്‍ പുലയന്‍) ഇവിടെ കൊണ്ടുവന്നതായി ചിലര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. നായര്‍, വെള്ളാളര്‍, ഈഴവര്‍, വെളുത്തേടര്‍, വണ്ണാര്‍, ആശാരി, കൊല്ലന്‍, ചെട്ടി, കമ്മാളര്‍, പുലയര്‍, പറയര്‍, കുറവര്‍, വേടര്‍, പാണര്‍, തട്ടാര്‍ തുടങ്ങിയ ഹൈന്ദവവിഭാഗങ്ങളും മുസ്ളീം, ക്രിസ്ത്യന്‍ വിഭാഗങ്ങളും ഇടകലര്‍ന്ന് അധിവസിക്കുന്ന ഈ പഞ്ചായത്തില്‍ ഏതാനും ബ്രാഹ്മണകുടുംബങ്ങളും ഇടക്കാലത്ത് താമസമാക്കിയ ഒരു ആഗ്ളോഇന്ത്യന്‍ കുടുംബവും വിരലിലെണ്ണാവുന്ന കാണിക്കാരും ഉള്‍പ്പെടുന്നതാണ് ഇവിടുത്തെ ഇന്നത്തെ ജനപ്രകൃതി. നാനാജാതിമതസ്ഥരുടേയും ആരാധനാലയങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. അവയുമായി ബന്ധപ്പെട്ട ഉത്സവാദി ആഘോഷങ്ങള്‍ ജാതിമതഭേദമെന്യെ ഈ പഞ്ചായത്തിലെ എല്ലാവരും ചേര്‍ന്നാണ് ആഘോഷിക്കാറുള്ളത്. ഗ്രാമപഞ്ചായത്തില്‍ ഇരുപത്തെട്ട് ക്ഷേത്രങ്ങളും പതിമൂന്ന് ക്രിസ്ത്യന്‍പള്ളികളും അഞ്ച് മുസ്ളീംപള്ളികളും സ്ഥിതി ചെയ്യുന്നു. 1950-കള്‍ക്ക് ശേഷവും അനുവര്‍ത്തിച്ചു പോന്നിരുന്ന മൃഗബലിക്ക് പകരം കുമ്പളങ്ങയാണ് ഇന്ന് കാളീക്ഷേത്രങ്ങളില്‍ ആചാരത്തിന്‍റെ ഭാഗമായി ഉപയോഗിക്കുന്നത്. ഈ ഗ്രാമപഞ്ചായത്തിലെ പുരോഗമന പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനഫലമായാണ് ഇത്തരം അനാചാരങ്ങള്‍ക്ക് അറുതി വന്നത്. പത്തോളം ഗ്രന്ഥശാലകള്‍ ഈ ഗ്രാമപഞ്ചായത്തിനകത്ത് പ്രവര്‍ത്തിച്ചുവരുന്നു. ഇവയില്‍ 1952-ല്‍ സ്ഥാപിതമായ മന്നൂര്‍കോണം പീപ്പിള്‍സ് ലൈബ്രറിയുടെ പ്രവര്‍ത്തനങ്ങള്‍ സംസ്കാരികരംഗത്ത് വളരെയധികം മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്.