ഭരണചരിത്രം

തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാട് താലൂക്കിലാണ് ആനാട് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ആനാട് വില്ലേജ് മുഴുവനായി ഉള്‍പ്പെടുത്തിക്കൊണ്ട് 1952-ജനുവരി 1നാണ് ആനാട് പഞ്ചായത്ത് രൂപീകൃതമായത്. 1953-നവംബര്‍ 1ന്  ആദ്യഭരണസമിതി  നിലവില്‍ വന്നു.  പഞ്ചായത്തിന്റെ  ആദ്യ പ്രസിഡണ്ടായി എന്‍.കുഞ്ഞുകൃഷ്ണന്‍നായരെ തെരഞ്ഞെടുത്തു. ആരംഭകാലത്ത് ആനാട് അമ്പലത്തിനടുത്തുള്ള സൈനുദ്ദീന്‍ സാറിന്റെ കുടുംബവക ഇരുനിലമന്ദിരത്തിലായിരുന്നു പഞ്ചായത്തോഫീസ് പ്രവര്‍ത്തിച്ചിരുന്നത്. മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം പച്ചവീട്ടില്‍ എം.കുമാരപിള്ള സംഭാവന ചെയ്ത സ്ഥലത്ത്, 1956-ല്‍ പ്രത്യേകമാതൃകയില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടത്തില്‍ പഞ്ചായത്ത് ആഫീസ് മാറ്റി സ്ഥാപിച്ചു. ജീവനക്കാരെ നിയമിക്കാനുള്ള അധികാരം അന്ന് പഞ്ചായത്തിനായിരുന്നു. പഞ്ചായത്ത് കോമണ്‍സര്‍വ്വീസോ സേവന, വേതന വ്യവസ്ഥകളോ അന്നുണ്ടായിരുന്നില്ല. 1976-ല്‍ ആനാട് പഞ്ചായത്തിനെ ആനാട്, പനവൂര്‍ എന്നിങ്ങനെ രണ്ടായി വിഭജിച്ചു. കെ.പരമേശ്വരന്‍ നായര്‍ പ്രസിഡണ്ടായി ആനാട് പഞ്ചായത്തും ഹനീഫ പ്രസിഡണ്ടായി പനവൂര്‍ പഞ്ചായത്തും നോമിനേറ്റ് ചെയ്തു. നിലവിലുണ്ടായിരുന്ന പഞ്ചായത്തംഗങ്ങള്‍ക്ക് പുറമേ ചിലരെക്കൂടി നോമിനേറ്റ് ചെയ്ത് കൂട്ടിചേര്‍ത്താണ് കമ്മിറ്റി നിലവില്‍ വന്നത്. ആ ഭരണസമിതി 15 വര്‍ഷക്കാലം തുടര്‍ന്നു. 24.15 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഫസ്റ്റ് ഗ്രേഡ് പഞ്ചായത്താണ് ആനാട് ഗ്രാമപഞ്ചായത്ത്. വടക്കുഭാഗത്ത് നന്ദിയോട്, പനവൂര്‍ പഞ്ചായത്തുകളും കിഴക്ക് തൊളിക്കോട് പഞ്ചായത്തും പടിഞ്ഞാറ് വെമ്പായം പഞ്ചായത്തും തെക്ക് നെടുമങ്ങാട് മുനിസിപ്പാലിറ്റിയുമാണ് ആനാട് പഞ്ചായത്തിന്റെ അതിരുകള്‍.