വിദ്യാഭ്യാസചരിത്രം
കൊല്ലവര്‍ഷം 1080-ല്‍ ശ്രീമൂലംതിരുനാള്‍ മഹാരാജാവ് പ്രജാക്ഷേമമന്വേഷിച്ച് യാത്ര ചെയ്യുകയായിരുന്നു. അന്ന് ആനാട് ജംഗ്ഷനില്‍ നാട്ടുകാര്‍ കൂടി നിന്ന് തങ്ങളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള സൌകര്യം ഉണ്ടാക്കി തരണമെന്നുണര്‍ത്തിച്ചു. അങ്ങനെ പഞ്ചായത്തിലെ പ്രൈമറിസ്കൂള്‍ ആനാട് സ്ഥാപിതമായി. ഇന്നത്തെ മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്തായിരുന്നു ആദ്യകാലത്ത് സ്കൂള്‍ പ്രവര്‍ത്തിച്ചുപോന്നത്. ഇതിനു മുന്‍പു തന്നെ പഞ്ചായത്തിന്റെ വിവിധഭാഗങ്ങളില്‍ നിരവധി കുടിപ്പള്ളിക്കൂടങ്ങള്‍ വിദ്യാകേന്ദ്രങ്ങളായി നിലനിന്നിരുന്നു. പഞ്ചായത്തിന്റെ വിദ്യാഭ്യാസവളര്‍ച്ചയില്‍ ക്രിസ്ത്യന്‍ മിഷണറിമാര്‍ സ്തുത്യര്‍ഹമായ സേവനം നല്‍കിയിട്ടുണ്ട്. 75 വര്‍ഷം മുമ്പ് ഫാദര്‍ മാനുവല്‍ അമ്പുടയന്റെ നേതൃത്വത്തില്‍ ചുള്ളിമാനൂര്‍ ആര്‍.സി.പള്ളി കുടിപ്പള്ളിക്കൂടമായി ആരംഭിച്ച സ്ഥാപനം പില്‍ക്കാലത്ത് എസ്.എച്ച്.യു.പി.എസ് ആയി വളര്‍ന്നു. 65 വര്‍ഷം മുമ്പ് തങ്കരാജ നെയ്ത്തുപുരയില്‍ ആരംഭിച്ച കുടിപ്പള്ളിക്കൂടം ചുള്ളിമാനൂര്‍ ഗവണ്‍മെന്റ് എല്‍.പി.എസായി. പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളായ എസ്.എന്‍.വി.എച്ച്.എസ് പഞ്ചായത്തിന്റെ മധ്യഭാഗമായ ആനാട് സ്ഥിതി ചെയ്യുന്നു. ആദ്യ പഞ്ചായത്ത് കമ്മിറ്റിയുടെ കാലത്ത് തന്നെ ആറ്റിന്‍പുറത്ത് ഒരു യു.പി സ്കൂള്‍ അനുവദിച്ചു കിട്ടി. സ്ഥലവാസികള്‍ സ്ഥലം സംഭാവനയായി നല്‍കിയിരുന്നു. അക്കാലത്ത് നിയമനാധികാരം പഞ്ചായത്ത് മാനേജ്മെന്റിനായിരുന്നു. ഈ നൂറ്റാണ്ടിന്‍റെ ആദ്യപാദങ്ങളില്‍ ഗ്രാമത്തിന്റെ പ്രധാനഭാഗങ്ങളിലെല്ലാം പ്രാഥമികവിദ്യാഭ്യാസത്തിനുള്ള സൌകര്യങ്ങള്‍ നിലവില്‍ വന്നുതുടങ്ങി. ആനാട് എല്‍.പി.എസിന്റെ സ്ഥാപനമാണ് ഇതില്‍ ആദ്യത്തേത്. തുടര്‍ന്ന് ലൂഥര്‍ മിഷന്‍ എല്‍.പി.എസ് വേങ്കവിള, രാമപുരം യു.പി സ്കൂള്‍, ചുള്ളിമാനൂര്‍ എല്‍.പി.എസ് ആട്ടുകാല്‍ ഗ്രാന്റ് സ്കൂള്‍ തുടങ്ങിയവയും സ്ഥാപിതമായി. പുത്തന്‍പാലം കേന്ദ്രമാക്കി പ്രവര്‍ത്തനമാരംഭിച്ച ആനാട് 688-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖ വക എസ്.എന്‍.വി യു.പി.എസ്സ് പില്‍ക്കാലത്ത് ആനാട് കേന്ദ്രത്തിലേക്ക് മാറ്റുകയും ഹൈസ്കൂളായി ഉയര്‍ത്തുകയും ചെയ്തു. ഹൈസ്കൂളിന്റെ സ്ഥാപനത്തില്‍ നാട്ടുകാരുടെ സഹകരണത്തോടെ വി.എന്‍.ഗംഗാധരപണിക്കര്‍ നടത്തിയ സേവനം വിസ്മരിക്കാവതല്ല.